അന്ന് രാത്രി അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല ഭർത്താവിനോട് പറയണോ…

4,356

സോനു അഴയിൽ നിന്നും തന്റെ അടിവസ്ത്രം എടുത്തു മണത്തു കൊണ്ട് ശ്വാസം ആഞ്ഞു വലിക്കുന്നത് കണ്ട ഉഷ ഞെട്ടി…

“ഈശ്വര… എന്താ ഞാനീ കാണുന്നെ… എന്നെ ഇവിടെ കെട്ടിക്കൊണ്ടു വരുമ്പോ അഞ്ചു വയസ്സുണ്ടായിരുന്ന കുട്ടിയാ…. ഇപ്പൊ അവൻ എന്റെ ”

അവൾക്കു തല കറങ്ങുന്ന പോലെ തോന്നി..

സോനുവിന് ഇപ്പൊ പതിനെട്ടു കഴിഞ്ഞു കാണും… ഉഷക്ക് മുപ്പത്താറും….

അന്ന് രാത്രി അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല.. ഭർത്താവിനോട് പറയണോ ?? അവൻ ഒരു പക്ഷെ തന്നെ ഓർത്തു സ്വയം ഭോഗം ചെയ്തു കാണുമോ?? കുട്ടിക്കാലം മുതലേ ഞാൻ ഒക്കത്തു വെച്ചു കൊണ്ട് നടന്ന കുട്ടി എന്ന മറ്റൊരു രീതിയിൽ കാണാൻ എന്തായിരിക്കും കാരണം…

ഒടുവിൽ ഭർത്താവിനോട് പറയണ്ട എന്നവൾ തീരുമാനിച്ചു… അവനോടു ചോദിക്കാം.. ഇനി മുതൽ തോന്നിയ പോലെ വീട്ടിൽ കയറി ഇറങ്ങരുതെന്നു പറയാം… അമിത സ്വാതന്ത്ര്യം കൊടുത്തതിന്റെ കുഴപ്പമാണ്….

പിറ്റേന്ന് അവൾ സോനുവിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു… ആദ്യം ഒക്കെ അവൻ നല്ല പോലെ അഭിനയിച്ചെങ്കിലും പിന്നീട് അവന്റെ രീതി മാറി….

” ഉഷ ചേച്ചി കുളിക്കണ വീഡിയോ ഞാൻ എടുത്തു വെച്ചിട്ടുണ്ട്… ഇതാരൊടെങ്കിലും പറഞ്ഞാൽ ഞാനതു പിള്ളേർക്കെല്ലാം കൊടുക്കും ”

അവൾ ഞെട്ടി…. എന്ത് പറയണം എന്നറിയാതെ നിന്നു

” നാളെ സുരേഷേട്ടൻ പിള്ളേരും ആയി പോയി കഴിയുമ്പോ ഞാൻ വരും… എന്നോട് സഹകരിച്ചാൽ ആരും ഒന്നും അറിയില്ല… ഇല്ലെങ്കിൽ ഞാനിതു നെറ്റിൽ അപ്‌ലോഡ് ചെയ്യും… നാട്ടുകാര് മുഴുവൻ കാണും.. ”

മോനേ പോലെ കണ്ട ഒരാളിൽ നിന്നും അത്തരം ഭീഷണി അവൾ പ്രതീക്ഷിച്ചിരുന്നില്ല.. കാലം മാറി.. കരുതി ഇരിക്കണം എന്ന് താൻ മറന്നു.. നമ്മൾ മറ്റുള്ളവരെ കാണുന്ന പോലെ അവരും നമ്മളെ കാണണം എന്നില്ല…

അന്നും അവൾ ഉറങ്ങാത കിടന്നു..

” ഇന്നലെ തന്നെ ചേട്ടനോട് പറഞ്ഞാൽ മതിയായിരുന്നു… ഇനി ഇപ്പൊ എന്ത് ചെയ്യും… ഈശ്വരാ.. താൻ അവനു വഴങ്ങി കൊടുക്കേണ്ടി വരുമോ ??? എന്തൊരു ഗതികേടാണിത്… ”

സുരേഷ് കുട്ടികളുമായി യാത്രയായി… അതും നോക്കി അവൻ വീടിന്റെ ഉമ്മറത്ത് നിക്കുന്നുണ്ടായിരുന്നു… ഉഷയുടെ വാട്സപ്പിലേക്ക് അവൻ അവൾ കുളിക്കുന്ന വീഡിയോ അയച്ചു…

അത് കണ്ടതോടെ അവൾക്കു തല കറങ്ങുന്ന പോലെ തോന്നി…

അടിയിൽ വീണ്ടും അവന്റെ മെസ്സേജ്….

‘ ഞാൻ വരട്ടെ… ? റോഡിൽ ഉണ്ട് ‘

ചെറിയൊരു മൗനത്തിനു ശേഷം അവൾ റിപ്ലൈ കൊടുത്തു

‘ ഉം ‘

അവൻ വേഗത്തിൽ വീട്ടിലേക്കു കയറി വന്നു

” എന്റെ ചേച്ചി… ഇതിന്റെ വല്ല ആവശ്യോം ഇണ്ടാർന്നാ… ഒന്നും ചോദിക്കാതെ ഇരുന്നായിരുന്നേൽ ഞാനതു കണ്ടും തൊട്ടും ഒക്കെ അങ്ങ് പോയേനെ.. ഇതിപ്പോ… ”

അവൻ അവളെ കാമാഗ്നിയോടെ അടിമുടി നോക്കി

ആ നോട്ടത്തിൽ താൻ ദഹിച്ചു പോവുന്നത് പോലെ അവൾക്കു തോന്നി

അവൻ മെല്ലെ അടുത്തേക്ക് വന്നു.. അവൾ പിന്നോട്ട് പോയി… ഭിത്തിയിൽ ഇടിച്ചു നിന്നു…

ചിരിച്ചു കൊണ്ട് സോനു അവളെ നോക്കി..

” ഇങ്ങനെ പേടിച്ചു പിന്നോട്ട് പോവാതെ നല്ല ചൂടോടെ ഒരുമ്മ ഇങ്ങു താ ചേച്ചി ”

” ഞാൻ തന്നാ മതിയോടാ മോനേ ?? ”

സോനു ഞെട്ടലോടെ തിരിഞ്ഞു നോക്കി

അടുക്കളയിൽ നിന്നും സോനുവിന്റെ അച്ഛനും അമ്മയും ഇറങ്ങി വന്നു . അവന്റെ അമ്മ ആയിരുന്നു അത് പറഞ്ഞത്.. അപ്പോഴേക്കും പിള്ളേരെ സ്കൂളിൽ വിട്ടു സുരേഷും തിരിച്ചു വന്നു..

” പറയടാ മോനേ… അമ്മ തന്നാ മതിയോ നിനക്ക് ഉമ്മാ??? ഏഹ് ??? ”

സോനു നിന്നു വിറക്കാൻ തുടങ്ങി

” അല്ല വീട്ടില് പെണ്ണുങ്ങൾ ഉള്ളപ്പോ നാട്ടിൽ പോയി പിടിക്കേണ്ട കാര്യം ഇല്ലല്ലോ.. നിനക്ക് അമ്മ താരാടാ ഉമ്മാ… ”

സോനു എല്ലാവരെയും മാറി മാറി നോക്കി

അമ്മ കയറി വന്നു അവന്റെ കാരണത്തിന് പൊട്ടിച്ചു…

” ഫോൺ എടുക്കട… നിന്റെ ഫോൺ എടുക്കാൻ ”

അവൻ കരഞ്ഞു കൊണ്ട് ഫോൺ എടുത്തു.. അമ്മ അത് വാങ്ങി അച്ഛന്റെ കയ്യിൽ കൊടുത്തു

” ആരുടേ ഒക്കെ ഉണ്ടെന്നു അറിയാന്മേലാ… നോക്ക്.. ലാപ്ടോപ്പും നോക്ക്.. ഒന്നും കളയരുത്…. പരാതി കൊടുക്കണം.. ബാക്കി പോലീസ് നോക്കട്ടെ.. ഇവനിത് എന്തായാലും കൂട്ടുകാർക്കൊക്കെ കൊടുത്തിട്ടുണ്ടാവും.. എല്ലാം കുടുങ്ങട്ടെ.. ”

” അയ്യോ അമ്മേ ചതിക്കല്ലേ… ഞാനിനി ആവർത്തിക്കില്ല.. അമ്മേ പോലീസിനെ വിളിക്കരുത്.”

” ഇല്ലെടാ മോനേ.. നിനക്കൊക്കെ അവസരം തന്നു കണ്ണടച്ച് വിട്ടാ നാളെ നീ ഞാൻ കുളിക്കുന്നത് വരെ വീഡിയോ എടുത്തെന്നു വരും.. മക്കള് കുറച്ചു അനുഭവിക്കു.. ”

ഉഷക്ക് നേരെ തിരിഞ്ഞു..

” ചില കാര്യങ്ങൾക്കു രണ്ടാമതൊരു അവസരം കൊടുത്തൂടാ ഉഷേ.. എന്നെ പോലെ കാണണ്ടതാ നിന്നെ… എന്നിട്ടു.. എന്തായാലും സുരേഷേ നീയാടാ ആണ്.. ഭാര്യ ഒരു കാര്യം പറഞ്ഞപ്പോ അവളുടെ കൂടെ നിക്കാനും, ഇവനെ തല്ലി ചതക്കാതെ പക്വതയോടെ അത് ഞങ്ങളോട് പറയാനും നിനക്ക് തോന്നിയല്ലോ ”

” ഇല്ല ചേച്ചി… മക്കള് നന്നാവണം എങ്കിൽ അച്ഛനും അമ്മയും തന്നെ തീരുമാനിക്കണം.. തെറ്റ് ചെയ്യുന്നത് സ്വന്തം മകനായാലും ശിക്ഷിക്കാൻ നിങ്ങളീ കാണിക്കുന്ന മനോഭാവം നാളെ പത്തു പേർക്ക് ഉണ്ടായാൽ മതി.. ഒരുത്തനും ഈ പണിക്കു ഇറങ്ങില്ല.. അതുപോലെ ഇവള് കാണിച്ച ധൈര്യം.. തുറന്നു സംസാരിക്കുന്നിടത്തെ ജീവിതം ഉളളൂ.. എന്നോട് പറയാതെ പേടിച്ചു അവനു വഴങ്ങി കൊടുത്തിരുന്നെങ്കിൽ ??? നാളെ ഇവൻ വേറൊരുത്തനെ കൊണ്ട് വരും.. വേണങ്കിൽ വില പറഞ്ഞു വിക്കും… ഒടുവിൽ ഭാരം താങ്ങാതെ ഇവൾ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ… ആ കാര്യത്തിൽ എനിക്കിവളോടും ബഹുമാനം തോന്നുന്നു.. എന്നിൽ വിശ്വസിച്ചല്ലോ… ചേച്ചിക്ക് വേണെങ്കിൽ അവനോടു ക്ഷമിക്കാം… ആ വീഡിയോ കളഞ്ഞ മതി.. ഞങ്ങൾ പരാതി കൊടുക്കാതെ ഇരിക്കാം ”

സോനു പ്രതീക്ഷയോടെ അമ്മയെ നോക്കി

” ഇല്ല സുരേഷ്.. ഉപ്പു തിന്നുവൻ വെള്ളം കുടിക്കണം.. മാനഭയത്താൽ കണ്ടില്ലെന്നു നടിക്കുന്നതും ക്ഷമിച്ചു കൊടുക്കുന്നതും ആണ് ഇവന്മാർ ആയുധമായി എടുക്കുന്നത്.. ഒരു ചാവ് പിള്ളയെ പ്രസവിച്ചെന്നു ഞാൻ കരുതിക്കോളാം… ഇല്ലെങ്കിൽ ഞാൻ പെണ്ണല്ലാതാവും! ”

രചന: കണ്ണൻ സാജു