Inspirational story of a child

2,419

“അച്ഛാ താ….. പത്തു രൂപ

“അച്ഛാ താ….. ” അവൻ കുഞ്ഞു കൈ നീട്ടി വീണ്ടും കെഞ്ചി.
നന്ദു നിന്നോടാ ഞാൻ ചോദിച്ചത് പത്തു രൂപ എന്തിനാണെന്ന് ” ഞാൻ ഷർട്ട് തിടുക്കത്തിൽ ഇടുന്നതിനിടയിൽ ചോദിച്ചു
“അത് …അത് …. ഒരു കാര്യത്തിനാണ് ..” അവൻ നിന്ന് വിക്കി .
“കുട്ടികൾ കാശ് കൊണ്ട് കളിക്കരുത് …മനസിലായോ … ” അവൻ നീട്ടി പിടിച്ച കൈ തട്ടിതാഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു .
സത്യത്തിൽ അവനു പത്തു രൂപ കൊടുക്കണം എന്നുണ്ടായിരുന്നു. കാരണം അവൻ ഇക്കാലത്തിനിടക്ക് ഒരു രൂപയ്ക്കു പോലും ചോദിച്ചിട്ടില്ല . പക്ഷെ ഇന്ന് അത് കൊടുത്താൽ എന്റെ ബജറ്റ് താളം തെറ്റും . കൂട്ടുകാർ വൈകീട്ടത്തെ “കലാപരിപാടിക്ക് കാത്തിരിപ്പുണ്ട്”. കൈവശം കൂട്ടി നോക്കിയപ്പോൾ ഒരു ഷെയറിനുള്ള കാശു ക്രത്യം . പിന്നെ എന്ത് ചെയും.

അവൻ വീണ്ടും കൈ നീട്ടി മുന്പിൽ നിൽക്കുന്നു . ആ കുഞ്ഞിക്കണ്ണിൽ അച്ഛൻ കൈവിടില്ല എന്ന പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം പൊടിഞ്ഞു വരുന്നു .
” മോൻ പോയി അച്ഛന് ഒരു ഗ്ലാസ് വെള്ളം എടുത്തു വന്നേ ….” ഞാൻ അവനെ ഒഴിവാക്കുകയായിരുന്നു
അവൻ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി . ഞാൻ പുറത്തേക്കും .
പടികൾ ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. അവൻ ഗ്ലാസിൽ വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു . അവന്റെ കണ്ണിൽ കയ്യിലെ ഗ്ലാസോളം കണ്ണീർ കണ്ടിട്ടും തിരിച്ചു ചെല്ലാൻ മനസിന്റെ “വെള്ളത്തിന്റെ” ദാഹം അനുവദിച്ചില്ല . അവൻ തിരിച്ചു വിളിക്കുമെന്ന് കരുതി വേഗത്തിൽ നടന്നു. പക്ഷെ അവൻ വിളിച്ചതേ ഇല്ല . കുറച്ചു ദൂരം നടന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴും അവൻ കൈയിൽ വെള്ളവുമായി നിൽക്കുകയായിരുന്നു.

- Advertisement -

അവന്റെ ആ നിറഞ്ഞ കണ്ണുകളുമായി ആ നിൽപ്പ് വല്ലാതെ ഉള്ളിൽ കുരുങ്ങി കിടന്നു . അത് കൊണ്ട് തന്നെ കൂട്ടുകാരുടെ കൂടെ അടിക്കാതെ തന്റെ പങ്കുമായി വേഗം വീട്ടില്ക്ക് മടങ്ങിയത് .
ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു . പക്ഷെ കണ്ടില്ല. ഉമ്മറത്ത് അവളിരിപ്പുണ്ട് ” നീ എപ്പോൾ വന്നു ..?”
” ശവമടക്ക് കഴിഞ്ഞപ്പോൾ വേഗം ഞാൻ ഇറങ്ങി .. ഇല്ലെങ്കിൽ ഇവിടെയെത്തുമ്പോൾ ഇരുട്ടിയേനെ … പിന്നെ നിങ്ങളെ എല്ലാവരും ചോദിച്ചു ….. ” അവൾ തെല്ലു സങ്കടത്തോടെ അതോലേറെ വിഷമത്തോടെ പറഞ്ഞു .
” ഉം.. ……. …. മോൻ എവിടെ ..?”

അവൻ ഉറങ്ങി .. ഇത്ര നേരം കാത്തിരിന്നിരുന്നു നിങ്ങളെ . വന്നിട്ടേ ഉറങ്ങു എന്ന് പറഞ്ഞു കാത്തിരിപ്പായിരുന്നു . ” ഞാൻ അകത്തേക്ക് കടന്നു കട്ടിലിനരികിൽ ഇരുന്നുകൊണ്ട് പതുക്കെ അവന്റെ മുടിയിഴ തഴുകി . ആ തഴുകലിൽ ഒരു കുറ്റ ബോധം ഉണ്ടായിരുന്നു എന്നിട്ട് പതുക്കെ അവന്റെ കുഞ്ഞ് വിരൽ കവർന്നു . അപ്പോഴാണ് അത് ശ്രദ്ധിച്ചത് അവന്റെ കയിൽ എന്തോ ചുരുട്ടി പിടിച്ചിരുന്നു . ഞാൻ പതുക്കെ ആ വിരലുകൾ വിടർത്തി അതിൽ വിലകുറഞ്ഞ ഒരു മിഠായി ..!!!

ഞാൻ അതെടുത്തു അവന്റെ കൈയിലെ വിയർപ്പിനാൽ അലിഞ്ഞു തുടങ്ങിയിരുന്നു .
“ഞാൻ എന്ന് രാവിലെ സസാരത്തിനിടക്ക് നിങ്ങളുടെ പിറന്നാൾ ഇന്നാണെന്നു പറഞ്ഞിരുന്നു . അവൻ അത് ഓർത്തു വെച്ച് നിങ്ങള്ക്ക് തരാൻ വാങ്ങിയതാ .. അവനു ഇഷ്ടപ്പെട്ട ചോക്ലേറ്റ് മുട്ടായി വാങ്ങി തരാൻ ആയിരുന്നു കൊതിച്ചത് . വന്നപാടെ എന്റെടുത്ത് കാശു ചോദിച്ചു ഒരുപാട് കരഞ്ഞു .. എന്റെ എടുത്തു എവിടുന്ന് ഉണ്ടാവാനാ ” അവളുടെ വാക്കുകളിൽ നിസഹായത നിഴലിച്ചിരുന്നു.

അവൾ അവന്റെ കാൽക്കൽ ഇരുന്നു അവനെ തഴുകി. അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം വീണ്ടും തുടർന്നു . “കുറേ നേരം ഉമ്മറത്ത് തന്നെ ഇതുമായി കണ്ണും നട്ട് കാത്തിരിപ്പായിരുന്നു … പാവം ..”
എന്റെ കണ്ണ് നിറഞ്ഞു . അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു . കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി.

അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി. ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു ” ഇനി ഇല്ല …. ഒരിക്കലും.. ”

ശബ്ദം കേട്ട് എഴുന്നേറ്റ മോനും ചാടി എഴുന്നേറ്റു ഞങ്ങളെ വട്ടം ചുറ്റി പിടിച്ചു . അവൾ അവനെ തോളത്തെടുത്തപ്പോൾ ഞാൻ ആ കുഞ്ഞു മിഠായി വീതിച്ചു ഇരുവരുടെയും വായിൽ വെച്ച് കൊടുത്തു . ഒപ്പം ഞാനും കഴിച്ചു .

ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഉള്ളത് പങ്കു വെക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന സ്നേഹത്തിന്റെ ലഹരിയേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലയെന്ന സത്യം.

അതെ അതാണ് പരമമായ സത്യം

Post taken from https://www.facebook.com/keralafriends4u

-advirtisement-

Leave A Reply

Your email address will not be published.